കരിയറിലെ അറുപത്തിയൊന്നാമത്തെ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടൻ അജിത്ത്. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, അജിത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ട് വളരെ ആകാംക്ഷയുണർത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഇതിന് സ്ഥിരീകരണം ഒന്നുമായിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എകെ 61 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിൽ 22 വർഷത്തിനു ശേഷം നടി തബു അഭിനയിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം അജിത്ത് ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാൽ സമ്മതം അറിയിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. മരക്കാർ സിനിമയുടെ സെറ്റിൽ മോഹൻലാലിനെ കാണാൻ അജിത്ത് എത്തിയിരുന്നു. ഇത് വലിയ വാർത്ത ആയിരുന്നു. ബ്രോ ഡാഡി, മരക്കാർ – അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.