ദിലീഷ് പോത്തൻ, ഗപ്പി ഫെയിം ചേതൻ എന്നിവർ അഭിനയിച്ച ഹ്രസ്വചിത്രം മിഡ്നൈറ്റ് റണിന്റെ ട്രെയ്ലർ പ്രേക്ഷകശ്രദ്ധ നേടുന്നു. രമ്യ രാജ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഇന്ന് സൈന പ്ലേ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ഇന്നാണ് റിലീസ്. ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലും ബുസാൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും അടക്കം ഇരുപത്തഞ്ചിലേറെ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ബി ടി അനിൽകുമാറാണ് കഥ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ പേരുകളാണ് ചിത്രത്തിന്റെ അണിയറയിൽ ഉള്ളത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. കിരൺ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സതീഷ് എരിയാലത്താണ്. പൂർണമായും ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് മിഡ്നൈറ്റ് റണിൽ അവതരിപ്പിച്ചിരിക്കുന്നത്.
ശങ്കർ ശർമയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സാജൻ ആർ ശാരദ, അസ്സോസിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ. കാലിഫോർണിയയിലെ ഇൻഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇൻഡീ ഷോർട്ട് ഫിലിമായി മിഡ്നൈറ്റ് റൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന് ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്മെന-മിന്‍സ്ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ആസം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.