നിവിൻ പോളി നായകനായ ഹനീഫ് അദേനി ചിത്രം മിഖായേൽ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി പറന്നുയരുകയാണ്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ തന്നെ 10 കോടിയാണ് വേൾഡ് വൈഡ് ചിത്രം സ്വന്തമാക്കിയത്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ മിഖായേൽ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും കഥ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ പറയുകയാണ്. ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമിക്കുന്നത്. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കർ ക്യാമറ കൈകാര്യം ചെയ്യുന്നു.