ആശിർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികം ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ സെറ്റിൽ വെച്ചാണ് ആശിർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികം ആഘോഷിച്ചത്. ആഘോഷത്തിൽ പങ്കെടുക്കാൻ മോഹൻലാൽ എത്തിയതാകട്ടെ ബറോസിലെ പുതിയ ഗെറ്റപ്പിലും. ആശിർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിന് ഒപ്പം കഴിഞ്ഞദിവസം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ച ബ്രോ ഡാഡിയുടെ വിജയവും ആഘോഷിച്ചു.
നരസിംഹം ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിച്ച ആദ്യചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന രഞ്ജിത്ത് ആയിരുന്നു. 2000 ജനുവരി 26ന് ആയിരുന്നു നരസിംഹം റിലീസ് ചെയ്തത്. നരസിംഹം എന്ന ചിത്രത്തിനു ശേഷം രാവണപ്രഭു, കിളിച്ചുണ്ടൻ മാമ്പഴം, നരൻ, നാട്ടുരാജാവ്, രസതന്ത്രം, ബാബാ കല്യാണി, ഇന്നത്തെ ചിന്താവിഷയം, ഇവിടം സ്വർഗമാണ്, അലി ഭായ്, പരദേശി, സാഗർ ഏലിയാസ് ജാക്കി, ചൈന ടൌൺ, സ്നേഹ വീട്, കാസനോവ, സ്പിരിറ്റ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ദൃശ്യം, എന്നും ഇപ്പോഴും, ലോഹം, ഒപ്പം, വെളിപാടിന്റെ പുസ്തകം, ആദി, ഒടിയൻ, ലൂസിഫർ, ഇട്ടിമാണി, ദൃശ്യം 2, മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി എന്നിവയാണ് ആശീർവാദ് നിർമ്മിച്ച് പുറത്തു വന്ന ചിത്രങ്ങൾ. ഇതിൽ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
മലയാളത്തിൽ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായ ദൃശ്യവും ഇരുനൂറു കോടിയുടെ ബിസിനസ് നടത്തിയ ലൂസിഫറും ആശിർവാദ് തന്നെ ആയിരുന്നു നിർമ്മിച്ചത്. വൻ ബജറ്റിൽ മരക്കാർ എന്ന ചിത്രവും നിർമിച്ചു. ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ബിഗ് ബജറ്റ് ത്രീഡി ചിത്രത്തിന്റെ നിർമ്മാണവും ആശീർവാദ് തന്നെയാണ് ചെയ്യുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ട്വൽത് മാൻ, വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ, ഷാജി കൈലാസ് ചിത്രം എലോൺ, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്നിവയാണ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന അടുത്ത ചിത്രങ്ങൾ.