മലയാളത്തിന്റെ പ്രിയനടി കെ പി എ സി ലളിത വിടവാങ്ങി. എറണാകുളത്ത് തൃപ്പുണ്ണിത്തുറയിൽ മകൻ സിദ്ധാർത്ഥ ഭരതന്റെ ഫ്ലാറ്റിൽ വെച്ച് ചൊവ്വാഴ്ച രാത്രി 10.45ന് ആയിരുന്നു അന്ത്യം. കരൾരോഗത്തെ തുടർന്ന് കഴിഞ്ഞ കുറേകാലമായി ചികിത്സയിൽ ആയിരുന്നു മലയാള സിനിമയുടെ പ്രിയ ലളിതാമ്മ. ബുധനാഴ്ച വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ആകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കുക.
അതേസമയം, അന്തരിച്ച പ്രിയതാരത്തിന് അന്ത്യഞ്ജലി അർപ്പിക്കാൻ നടൻ മോഹൻലാൽ എത്തി. പ്രിയ നടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചതിനു ശേഷം ഒരു നിമിഷം മുകളിലേക്ക് നോക്കി പ്രാർത്ഥനാ നിരതനായി മോഹൻലാൽ. കറുത്ത വസ്ത്രം ധരിച്ച് ആണ് മോഹൻലാൽ എത്തിയത്. സിദ്ധാർത്ഥ് ഭരതനൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്തു. സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ, ടിനി ടോം എന്നിവരും മോഹൻലാലിന് ഒപ്പം ഉണ്ടായിരുന്നു. മലയാള സിനിമാരംഗത്ത് നിന്നുള്ള നിരവധി താരങ്ങൾ കെ പി എ സി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.
നാടകങ്ങളിൽ സജീവമായതിനു ശേഷമാണ് കെ പി എ സി ലളിത സിനിമയിലേക്ക് കാലെടുത്തു വെച്ചത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ൽ കെഎസ് സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെ ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. സഹനായികയായി പ്രത്യക്ഷപ്പെട്ട അവർ ഹാസ്യവേഷങ്ങൾ ഗംഭീരമാക്കി. സഹനടിയായും പ്രതിനായികയായും അരനൂറ്റാണ്ട് കൊണ്ട് കെ പി എ സി ലളിത ആടിത്തീർത്തത് അറുന്നൂറിലേറെ വേഷങ്ങൾ.