നടന വിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം. ഇന്ത്യന്‍ സിനിമയിലെ എല്ലാ ഭാഷാ ഇന്‍ഡസ്ട്രികളിലും ആരാധകര്‍ ഏറെയുള്ള താരമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ മഹാനടന് ആശംസകള്‍ അറിയിച്ചു കൊണ്ട്, തെലുങ്ക് സിനിമാ ലോകവും അദ്ദേഹത്തിന്റെ ഈ ജന്മദിനം ആഘോഷമാകുകയാണ്. ഇതിനോടകം തെലുങ്കു സിനിമയിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, വെങ്കിടേഷ്, മഹേഷ് ബാബു, റാം ചരണ്‍ തുടങ്ങിയവര്‍ മോഹന്‍ലാലിന് തങ്ങളുടെ ജന്മദിന ആശംസകള്‍ അറിയിച്ചു.
കൂടാതെ കടുത്ത മോഹന്‍ലാല്‍ ആരാധകരായ അല്ലു അര്ജുന്, പ്രഭാസ്, നാഗാര്‍ജുന, ജൂനിയര്‍ എന്‍ ടി ആര്, എന്നിവരും അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആശംസകള്‍ അറിയിച്ചു കൊണ്ട് മുന്നോട്ടു വരുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി എല്ലാ ഇന്ഡസ്ട്രികളില് നിന്നും മോഹന്‍ലാലിന് ആശംസകള്‍ പ്രവഹിക്കുകയാണ്. കിച്ച സുദീപ്, രാധിക ശരത് കുമാര്‍, ശരത് കുമാര്‍, സിബി സത്യരാജ്, വിജയ് ആന്റണി, ജീവ, ഹന്‍സിക മൊട്വാനി, പൂനം ബജ്വ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഇതിനോടകം ആശംസകള്‍ അറിയിച്ചു കഴിഞ്ഞു. മലയാളത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം നേരത്തേ തന്നെ തങ്ങളുടെ താരരാജാവിനു ആശംസകള്‍ അറിയിച്ചു തുടങ്ങിയിരുന്നു.