മോഹന്‍ലാല്‍ വീണ്ടും ബോളിവുഡ് അഭിനയലോകത്തേക്ക്. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മിഷന് കൊങ്കണ്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ തിരിച്ചു വരവ്. ടി ഡി രാമകൃഷ്ണന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ഖലാസി ആയി ഒരു അതിഥി വേഷത്തിലാവും മോഹന്‍ലാല്‍ എത്തുക എന്നാണ് സൂചന. പ്രശസ്ത ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മാണം ഏറ്റെടുക്കാന്‍ സാധ്യതയുള്ള ഈ ചിത്രം ഹിന്ദിക്ക് പുറമെ മലയാളം ഉള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഇറങ്ങും. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ വരെ അണിനിരക്കുന്ന ഒരു വലിയ ചിത്രമാകും ഇതെന്നാണ് സൂചന.
ഇതിനു മുന്‍പ് മൂന്നു ബോളിവുഡ് ചിത്രങ്ങളില്‍ ആണ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളത്. 2002-ല്‍ റാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ കമ്പനി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മോഹന്‍ലാല്‍ ആ ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ, ബോളിവുഡിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ഐഫ അവാര്‍ഡ് നേടുന്ന ആദ്യ മലയാള താരവുമായി മാറി. മികച്ച സഹനടനുള്ള ആ വര്‍ഷത്തെ അവാര്‍ഡ് ആണ് മോഹന്‍ലാല്‍ ഏറ്റു വാങ്ങിയത്.
അതിനു ശേഷം റാം ഗോപാല്‍ വര്‍മ്മ തന്നെ ഒരുക്കിയ ആഗ് എന്ന ചിത്രത്തില്‍ അമിതാബ് ബച്ചനൊപ്പവും പ്രിയദര്ശന് ഒരുക്കിയ തേസ് എന്ന ചിത്രത്തില്‍ അജയ് ദേവ്ഗണിന് ഒപ്പവും മോഹന്‍ലാല്‍ അഭിനയിച്ചു. പലപ്പോഴായി ബോളിവുഡ് ചിത്രങ്ങളില്‍ നിന്ന് ഓഫര്‍ വന്നെങ്കിലും മലയാളത്തിലെ തിരക്ക് മൂലം അതെല്ലാം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. കുമാര്‍ സാഹ്നി, വിശാല്‍ ഭരദ്വാജ്, ഷൂജിത് സര്‍ക്കാര്‍ തുടങ്ങി ഒട്ടേറെ ബോളിവുഡ് സംവിധായകര്‍ മോഹന്‍ലാലിനെ സമീപിച്ചതുമാണ്.