ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടൻ മോഹൻലാൽ ഇപ്പോൾ. ഷൂട്ടിംഗിന് ഇടയിൽ ബോക്സിംഗ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ. മോഹൻലാൽ ആരാധകരാണ് ബോക്സിംഗ് പരിശീലനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മോഹൻലാലിന്റെ അടുത്ത സിനിമ പ്രിയദർശനൊപ്പമുള്ള ഒരു സ്പോർട്സ് ഡ്രാമയാണ്. അതിനു മുന്നോടിയായാണ് ബോക്സിംഗ് പരിശീലനം. പ്രിയദർശന്റെ ഈ ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ വേഷമിടുന്നത്.
പ്രശസ്ത ബോക്സിംഗ് ചാമ്പ്യൻ ആയ തിരുവനന്തപുരം സ്വദേശി പ്രേം നാഥിന്റെ കീഴിലാണ് മോഹൻലാൽ ബോക്സിംഗ് അഭ്യസിക്കുന്നത്. ഇപ്പോൾ ആരാധകർ പുറത്തുവിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ പ്രേം നാഥിനൊപ്പമാണ് മോഹൻലാൽ ഉള്ളത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോക്സിംഗ് പ്രമേയമാകുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ് തന്നെയായിരിക്കും നിർമിക്കുക.
സിനിമയിൽ വരുന്നതിനു മുമ്പ് മോഹൻലാൽ ഒരു ഗുസ്തി ചാമ്പ്യൻ ആയിരുന്നു. സംസ്ഥാന ഗുസ്തി ചാമ്പ്യൻ ആയിരുന്നു മോഹൻലാൽ. അതേസമയം ആറാട്ട്, മരക്കാർ, ബ്രോ ഡാഡി എന്നിവയാണ് ഇപ്പോൾ റിലീസിന് തയ്യാറിയിട്ടുള്ള മോഹൻലാൽ ചിത്രങ്ങൾ. ജീത്തു ജോസഫ് ചിത്രമായ 12ത് മാൻ സിനിമയുടെ ചിത്രീകരണം കൊച്ചിയിലും ഇടുക്കി കുളമാവിലുമാണ് നടക്കുന്നത്. കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫും മോഹൻലാലും നാലാം വട്ടം ഒന്നിക്കുന്നത്.