ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച പരേതയായ അജ്ന ജോസിന്റെ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ കൈമാറി വിശ്വശാന്തി ഫൗണ്ടേഷൻ. വിശ്വശാന്തിയുടെ സംരംഭമായ ‘ശാന്തിഭവനം’ പദ്ധതിയിലെ ആദ്യവീടിന്റെ താക്കോലാണ് കൈമാറിയത്. മോഹൻലാൽ ആണ് വീടിന്റെ താക്കോൽ കൈമാറിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വീടി കൈമാറിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മോഹൻലാൽ കുറിച്ചത് ഇങ്ങനെ, ‘ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച പരേതയായ അജ്ന ജോസിന്റെ കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടിന്റെ താക്കോൽ കൈമാറിയെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞങ്ങൾ അവളെ ഞങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുന്നു.
നമ്മുടെ സമൂഹത്തിൽ ഒരു നല്ല വീട് നിർമിക്കുന്നത് താങ്ങാൻ കഴിയാത്തവർക്ക് ഗുണമേന്മയുള്ള വീട് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ചതിന് ‘ലാൽകെയേഴ്സ് കുവൈറ്റി’നും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. ഈ പദ്ധതിയിലൂടെ, സുരക്ഷിതവും താങ്ങാനാവുന്നതുമായ ഭവനം ആവശ്യമുള്ള കൂടുതൽ പേരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.’ – മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. സന്നദ്ധ പ്രവർത്തനങ്ങൾക്കായി 2015ലാണ് മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിച്ചത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷൻ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകൾക്ക് സഹായ ഹസ്തവുമായി മോഹൻലാലും സംഘടനയും രംഗത്തത്തിയിരുന്നു.