ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണു അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തുള്ള വീട്ടിൽ പൊതുദർശനത്തിനു വെച്ചിരിക്കുകയാണ്. പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാൻ നടൻ മോഹൻലാൽ എത്തി. ഒരു നടനെന്ന നിലയിലുള്ള ബന്ധമല്ല തനിക്ക് വേണുച്ചേട്ടനുമായി ഉള്ളതെന്നും ബ്രദർ ആണോയെന്ന് ചോദിച്ചാൽ അതിനേക്കാളൊക്കെ മുകളിലാണ് വേണുച്ചേട്ടനുമായുള്ള ബന്ധമെന്നും മോഹൻലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“അങ്ങനെ പെട്ടെന്നൊന്നും പറയാൻ പറ്റുന്നില്ല. ഒരുപാട് കാലത്തെ പരിചയമാണ്. ഒരുപക്ഷേ, ആദ്യത്തെ സിനിമ തിരനോട്ടം ആ ചിത്രത്തില്‍ വേണുച്ചേട്ടനെ അഭിനയിക്കാൻ വിളിക്കാൻ ചെന്നവരാണ് ഞങ്ങള്‍. അന്നുമുതൽ ആറാട്ട് സിനിമ വരെയുള്ള പരിചയം. ഇടയ്ക്ക് എപ്പോഴും സംസാരിക്കുമായിരുന്നു ഫോണില്‍. സിനിമയിലെ ഒരു ആക്ടർ ആക്ടർ ബന്ധമല്ല ഞങ്ങള്‍ തമ്മിൽ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഒരുപാട് ഷോകൾ. ബ്രദർ ആണോന്ന് ചോദിച്ചാൽ അതിനേക്കാളൊക്കെ മുകളിൽ, വേണുചേട്ടന്റെ അമ്മയുമായുള്ള പരിചയം, ചേച്ചിയുമായിട്ടുള്ള പരിചയം, വേണുച്ചേട്ടന്റെ കല്യാണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഓർക്കുന്നു. ഈ വീട്ടിൽ എപ്പോഴും ഞാൻ വരാറുണ്ടായിരുന്നു. നഷ്ടം എന്ന വാക്കല്ല, വേറെന്തോ വാക്കാണ് എനിക്ക്, പറയാൻ പറ്റുന്നില്ല. അങ്ങനെ ആയിരുന്നു. ഒരുപാട് കാര്യങ്ങൾ ഓർത്തുപോകുന്നു. പെട്ടെന്ന് എണ്ണിയെണ്ണി പറയാൻ പറ്റുന്നില്ല. ഓക്കേ..” – നെടുമുടി വേണുവിന് അന്തിമോപചാരം അർപ്പിച്ചതിനു ശേഷം മോഹൻലാൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.
തന്റെ സിനിമകളിൽ നെടുമുടി വേണു വേണമെന്ന് മോഹൻലാൽ എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നു. സ്ഫടികം സിനിമയിൽ ചാക്കോ മാഷായി മോഹൻലാൽ ആദ്യം നിർദ്ദേശിച്ചതും നെടുമുടി വേണുവിന്റെ പേരായിരുന്നു. അത്രയും വലിയ ആത്മബന്ധം ആയിരുന്നു ഇരുവരും തമ്മിൽ. നെടുമുടി വേണുവും മോഹൻലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രിയദർശൻ കഴിഞ്ഞദിവസം പറഞ്ഞത് ഇങ്ങനെ. ‘എനിക്ക് അറിയാവുന്നത് വെച്ചു നെടുമുടി വേണു മോഹൻലാലിന് ആരൊക്കെയോ ആണ്, മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് വേണു ചേട്ടൻ. എനിക്ക് തോന്നുന്നില്ല അയാൾക്ക് ഇത്രേം വലിയ ഒരു ബന്ധം വേറെ ഒരു വ്യക്തിയും ആയിട്ട് ഉണ്ടോ എന്ന്, അത്രയ്ക്ക് സ്നേഹം ആയിരുന്നു അവർ തമ്മിൽ.’. മരയ്ക്കാറിൽ മോഹൻലാലും നെടുമുടി വേണുവും തമ്മിൽ പറഞ്ഞ അവസാനത്തെ ഡയലോഗും പ്രിയദർശൻ പങ്കുവെച്ചു. ‘നീ എന്നുമുണ്ടാകുമോ എന്റെ കൂടെ’ എന്നതായിരുന്നു അത്. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് സിനിമകൾ ബാക്കിയാക്കി മോഹൻലാലിനെ തനിച്ചാക്കി വേണുച്ചേട്ടൻ നേരത്തെ പോയി.