മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മോഹൻലാൽ’ വിഷുവിന് തന്നെ തിയറ്ററുകളിൽ എത്തും. റിലീസിന് നാളുകൾ അവശേഷിക്കവെ ആണ് സിനിമക്ക് സ്റ്റേ ലഭിച്ചത്. ഇത് മോഹൻലാൽ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.എന്നാൽ സിനിമയെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ചിത്രം വിഷുവിനുതന്നെ പ്രദർശനത്തിനെത്തും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
തിരക്കഥാകൃത്തായ കലവൂർ രവികുമാർ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു. സിനിമയുടെ തിരക്കഥ തന്റേതാണെന്നും അനുവാദം ചോദിക്കാതെയാണ് അത് സിനിമയാക്കിയതെന്നും ആരോപിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. പിന്നീട് ഇത് സംബന്ധിച്ച വിശദികരണവുമായി സംവിധായകനും എത്തി. പരസ്പരമുള്ള വാഗ്വാദമാണ് പിന്നീട് അരങ്ങേറിയത്. സോഷ്യൽ മീഡിയയിലൂടെ വളരെ രൂക്ഷമായാണ് സംവിധായകൻ ഇതിനെതിരെ പ്രതികരിച്ചത്. ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും അനുവാദം ചോദിക്കാതിരുന്നതിന് പുറമെ അപമാനിക്കുകയും ചെയ്തതിനെ തുടര്ന്നു താൻ കോടതിയിൽ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് കോടതിയിൽ രവികുമാർ ഹർജി ഫയൽ ചെയ്യുകയും പകർപ്പവകാശത്തെ സംബന്ധിച്ച് കോടതി ചിത്രം സ്റ്റേ ചെയ്യുകയുമായിരുന്നു.
മലയാളികളുടെ എന്നും സ്വകാര്യ അഹങ്കാരമായ മോഹൻലാൽനെകുറിച്ച് എത്ര പറഞ്ഞാലും ആരാധകർക്ക് മതിയാകില്ല.മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ ആനന്ദനായിവന്ന് തന്റെ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസുകവർന്ന അദ്ദേഹം ഇന്ന് ലോകം കണ്ട പ്രതിഭാശാലിയായ അഭിനേതാക്കളിൽ ഒരാളാണ്. മഞ്ഞിൽ വിരിഞ്ഞപൂക്കൾ മുതൽ അവസാനം എത്തിയ വില്ലൻ വരെ മോഹൻലാൽ എന്ന നടന്റെ നടനവിസ്മയത്തിൽ മിന്നിമറഞ്ഞ അത്ഭുതങ്ങളാണ്.ഓരോ സിനിമ പിന്നിടുമ്പോഴും അഭിനയ ശൈലികൊണ്ടും പ്രായത്തിൽ കവിഞ്ഞ മെയ്യ്വഴക്കത്തിലൂടെയും ആരാധകരെ വിസ്മയിപ്പിക്കുന്ന താരത്തിന്റെ ഒടിയൻ ആണ് പുറത്തിറങ്ങാനെത്തുന്ന അടുത്ത സിനിമ. ചിത്രത്തിനായി അദ്ദേഹം വണ്ണം കുറച്ചതും വ്യത്യസ്തതയാർന്ന ലുക്കും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇതാദ്യമായി ആണ് ഒരു താരത്തിനോടുള്ള ആരാധനയെക്കുറിച്ചും അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ചും പ്രതിപാദിക്കുന്ന സിനിമ വരുന്നത്. 1980 ൽ റിലീസ് ആയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തിയറ്ററിൽ എത്തിയതോടെയാണ് മോഹൻലാൽ മലയാള സിനിമയിൽ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയറ്ററിൽ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം വരെയുള്ള മോഹൻലാൽ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് മോഹൻലാൽ എന്ന സിനിമ. പ്രഖ്യപനം നടന്നതുമുതൽ ഈ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. ലോകം മുഴുവനും ഒരുപാട് ആരാധകരുള്ള മോഹൽലാലിന്റെ ആരാധികയായ മീനുകുട്ടി എന്ന കഥാപാത്രമായാണ് മഞ്ജുവാര്യർ ചിത്രത്തിലെത്തുന്നത്. മീനുകുട്ടിയുടെ ഭർത്താവായ സേതു മാധവന്റെ വേഷത്തിൽ ഇന്ദ്രജിത്തും ചിത്രത്തിലെത്തുന്നു. സാജിദ് യഹിയ കഥ,സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനീഷ് വാരണാട് ആണ്.