മോഹൻലാൽ – പൃഥ്വിരാജ് ആരാധകർ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘ബ്രോഡാഡി’. പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നതും മോഹൻലാൽ നായകനായി എത്തുന്നു എന്നതും മാത്രം മതി ആരാധകർക്ക് കാത്തിരിക്കാൻ. എന്നാൽ അത് മാത്രമല്ല, ചിത്രത്തിൽ മലയാളിപ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്ന താരങ്ങളുടെ നീണ്ട നിരയാണെന്നതും ബ്രോഡാഡിയുടെ പ്രത്യേകതയാണ്. ‘ബ്രോഡാഡി’യുടെ വരവിനായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ ആയിരിക്കും ബ്രോഡാഡിയുടെ പ്രദർശനം. ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിൽ ആയിരിക്കും ‘ബ്രോഡാഡി’യുടെ പ്രീമിയർ. എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശ്രീധർ പിള്ളയുടെ ട്വീറ്റിലാണ് ഇക്കാര്യമുള്ളത്.
ലൂസിഫറിനു ശേഷം മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ ആണ് നായിക. മോഹൻലാലിന്റെ നായികയായി മീനയാണ് എത്തുന്നത്. പൃഥ്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. മോഹൻലാലിനെയും മല്ലിക സുകുമാരനെയും ഒരേ ഫ്രെയിമിൽ കണ്ട് സംവിധാനം ചെയ്യുന്നതിന്റെ സന്തോഷം പൃഥ്വിരാജ് തന്നെ നേരത്തെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഹൈദരാബാദിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം.
Huge Buzz that @DisneyPlusHS is finally all set to enter the booming #Malayalam #OTT space dominated by @PrimeVideoIN & @netflix!
#Disney likely to premiere with #BroDaddy the @Mohanlal family entertainer directed by @PrithviOfficial and produced by @aashirvadcine. pic.twitter.com/LahyNgNXtF— Sreedhar Pillai (@sri50) September 30, 2021
ബ്രോഡാഡി രസകരമായ ഒരു കുടുംബചിത്രമാണെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമിക്കുന്നു. ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ. കാവ്യ ഷെട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിബിൻ, ശ്രീജിത്ത് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന് എം ആര്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍.