‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡചിത്രം തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ഒടിടി റിലീസ് ആണോ തിയറ്റർ റിലീസ് ആണോ എന്ന ആശങ്കകൾക്ക് ഒടുവിലാണ് മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് ഒടിടി വിവാദങ്ങൾ ഉണ്ടായതെന്നും അതിനാലാണ് വിഷയത്തിൽ താൻ പ്രതികരിക്കാതിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. മരക്കാർ റിലീസിനു മുമ്പ് ഒരു അഭിമുഖത്തിനിടയിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.
താൻ ഒരു ബിസിനസുകാരനാണെന്നും 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഒടിടിയുമായി കരാർ ഒപ്പിട്ടത് തിയറ്റർ റിലീസ് തീരുമാനിച്ചതിനു ശേഷമാണ്. അതിനാൽ തന്നെ സിനിമ ഒടിടിയിലും റിലീസ് ചെയ്യുമെന്നും മോഹൻലാൽ അറിയിച്ചു. അതേസമയം, റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് മരക്കാർ. റിസർവേഷൻ മാത്രമാണ് ചിത്രത്തെ 100 കോടി ക്ലബിൽ എത്തിച്ചത്.
ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.