മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഒപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് നടൻ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിൽ ആണ് ഈ സംഭാഷണവീഡിയോ പങ്കു വെച്ചിരിക്കുന്നത്. ജീവിതത്തിൽ വലിയ സന്തോഷമുള്ള ദിവസമാണ് ഇന്നെന്നും അതിന് കാരണം, തന്റെ ജീവിതത്തിലെ യാത്ര കുഞ്ഞാലിമരക്കാർ പോലൊരു സിനിമയിൽ എത്തി നിൽക്കുന്നതിൽ ദൈവത്തിനോടും ലാൽ സാറിനോടും നന്ദിയുണ്ടെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ‘മലയാളികളായ എല്ലാ പ്രേക്ഷകരോടും വളരെ നന്ദിയുണ്ട്. ആശിവാദ് സിനിമാസിന്റെ സിനിമകളെ എല്ലാ കാലത്തും പ്രേക്ഷകർ വലിയ സ്നേഹത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. അതിന് എല്ലാവരോടും നന്ദിയുണ്ട്. കാരണം, ഇത്രയും വലിയൊരു സിനിമ നിർമിക്കാൻ കഴിയുന്നത് നിങ്ങളോരോരുത്തരും ആശിർവാദ് സിനിമാസിന് തന്ന സപ്പോർട്ട് കൊണ്ടാണ്. എല്ലാവരോടും എന്റെ സ്നേഹം അറിയിക്കുകയാണ്, അതിയായ സ്നേഹത്തോടെ. ഇത് വലിയൊരു വിജയമായി മാറട്ടെ. എല്ലാ പ്രാർത്ഥനകളും ഉണ്ട്. പ്രിയദർശൻ സാറ് ഉൾപ്പെടെ അതിൽ സഹകരിച്ച ഒരുപാട് പേരുണ്ട്. പേരെടുത്തു പറഞ്ഞാൽ തീരില്ല, എല്ലാവരെയും ഈ സമയത്ത് ഓർക്കുന്നുണ്ട്. സിനിമയിൽ സഹകരിച്ച ഓരോരുത്തരോടും എന്റെ, ആശിർവാദിന്റെ, ഞങ്ങളുടെ വലിയ സ്നേഹം അറിയിക്കുന്നു.’ – ആന്റണി പെരുമ്പാവൂർ പറഞ്ഞു.
‘ആശിർവാദ് സിനിമാസിനെ സംബന്ധിച്ചോളം വലിയൊരു സിനിമയാണ് കുഞ്ഞാലി മരക്കാർ. ഇരുപത്തിയഞ്ചാമത്തെ സിനിമ എന്ന് പറയുന്നത് വലിയ കാര്യമാണ്. 2018 ഡിസംബർ ഒന്നിനാണ് ഇതിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. പ്രിപറേഷൻ ഒക്കെ നേരത്തെ തുടങ്ങിയിരുന്നു. സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ എന്ന് പറയുന്നത് 2018 ഡിസംബർ ഒന്നിന് ആയിരുന്നു. കൃത്യം മൂന്നു വർഷത്തിനു ശേഷം സിനിമ റിലീസ് ചെയ്യുകയാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് സിനിമ പുറത്തെത്തുന്നത്. ഏകദേശം രണ്ടു വർഷം പ്രേക്ഷകരും നമുക്കൊപ്പം കാത്തിരുന്നു.’ – സിനിമ കടന്നുവന്ന വഴികളെക്കുറിച്ച് മോഹൻലാൽ പറഞ്ഞു.
നരസിംഹം മുതൽ വളരെ നല്ല സിനിമകൾ എടുത്ത കമ്പനിയാണ് ആശിർവാദ് സിനിമാസ് എന്നും അത്തരത്തിൽ നല്ല സിനിമ എടുക്കാൻ പറ്റുന്നത് ഇങ്ങനെയൊരു കമ്പനി ഉള്ളതു കൊണ്ടാണെന്നും മോഹൻലാൽ പറഞ്ഞു. ആശിർവാദ് സിനിമാസിനും ആന്റണിക്കും നന്ദി പറയുകയാണെന്നും മോഹൻലാൽ പറഞ്ഞു. ഇതിന്റെ ഒരു ഫ്രെയിം പോലും വെളിയിൽ പോകാതെ ദൈവം കാത്തു. ഇടയ്ക്ക് മരക്കാർ ലീക്ക് ആയി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഒക്കെ ഉണ്ടായി. എന്നാൽ ഈശ്വരനിശ്ചയം പോലെ ആ സിനിമ കാത്തുസൂക്ഷിക്കുകയും മൂന്നു വർഷത്തിനു ശേഷം സിനിമ എത്തുകയും ചെയ്യുകയാണ്. വലിയൊരു വിജയമായി മാറട്ടെയെന്ന് ഞാനും പ്രാർത്ഥിക്കുന്നു. വലിയ ഒരു സിനിമ നിർമിച്ചതിന്റെ സന്തോഷം ആന്റണിക്ക്, അതിൽ അഭിനയിച്ചതിന്റെ സന്തോഷം എനിക്ക്. അതിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയാൻ ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ്. ഒരു ഫാമിലി പോലെ ആയിരുന്നു ആ സിനിമ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നത്. എന്തായാലും മരക്കാർ വലിയൊരു വിജയമായി മാറട്ടെയെന്ന് താൻ പ്രാർത്ഥിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.