ഇടവേളയ്ക്കു ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. മോഹൻലാൽ ആണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്നു എന്നത് മാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത. ആശിർവാദ് സിനിമാസിന്റെ മുപ്പതാമത് ചിത്രം കൂടിയാണ് ഇത്. ആറാം തമ്പുരാനും നരസിംഹവും നമുക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ പേര് ‘എലോൺ’ എന്നാണ്.
‘ആശിർവാദ് സിനിമാസിന്റെ മുപ്പതാമത് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ആണ്. ആശിർവാദ് സിനിമാസിന്റെ ആദ്യചിത്രമായ നരസിംഹം സംവിധാനം ചെയ്ത ഷാജി കൈലാസ് ആണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. ഞാനും ഷാജി കൈലാസുമായി ഒരുപാട് ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. ഷാജിയുടെ നായകൻമാർ എപ്പോഴും ശക്തരാണ്. ധീരരാണ്. യഥാർത്ഥ നായകൻ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. ദ റിയൽ ഹീറോസ് ആർ ഓൾവെയ്സ് എലോൺ’ – സിനിമയുടെ ടൈറ്റിൽ പുറത്തിറക്കി കൊണ്ട് മോഹൻലാൽ പറഞ്ഞു. എലോൺ
2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ് – മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം. അതിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ്. ഡോൺ മാക്സ് ആണ് എഡിറ്റർ. സംഗീതം ജേക്സ് ബിജോയി. മോഹൻലാലും ഷാജി കൈലാസും ഒരുമിച്ച ആറാം തമ്പുരാൻ, നരസിംഹം എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിച്ച ആദ്യചിത്രം ആറാം തമ്പുരാൻ പുറത്തിറങ്ങിയത് 1997ൽ ആയിരുന്നു. സൂപ്പർഹിറ്റ് ആയ ചിത്രത്തിൽ മോഹൻലാലും മഞ്ജു വാര്യരും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും ആരാധകരുടെ മനസിലുണ്ട്. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവയാണ് ഇരുവരും ഒരുമിച്ച് എത്തിയ മറ്റു ചിത്രങ്ങൾ.