സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിവൻ ജനുവരി 25നാണ് തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ വാലിബനായെത്തി വിസ്മയിപ്പിച്ച നടൻ മോഹൻലാൽ ദുബായിലെ തിയറ്ററിലാണ് സിനിമ കണ്ടത്. ഭാര്യ സുചിത്രയും നിർമാതാവ് ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഗൾഫിലെ വിതരണക്കാരായ ഫാർസ് ഫിലിംസ് ഉടമ അഹമ്മദ് ഗോൽഷനും മോഹൻലാലിന് ഒപ്പം സിനിമ കാണാൻ ഉണ്ടായിരുന്നു.
റിലീസ് ദിവസം രാവിലെ ഒമ്പതിന് ദുബായ് ദെയ്റ അൽ ഗുറൈർ സെന്ററിലെ സ്റ്റാർ സിനിമയിലായിരന്നു ചിത്രത്തിന്റെ വേൾഡ് പ്രിമിയർ. സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന പടം എന്ന പ്രത്യേകതയുമായാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. ദുബായിൽ നിന്നുള്ള മറാത്തി നടി സൊനാലി കുൽക്കർണിയും ചിത്രത്തിലുണ്ട്.
ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ട്.