ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. അതുകൊണ്ട് രഞ്ജിത്ത് ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് പ്രേക്ഷകർ കാണുന്ന നവ്യാനായർ ഉണ്ടാകുമായിരുന്നില്ല എന്ന് നവ്യ തന്നെ പറയുന്നു. അതുപോലെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു വലിയ ആരാധിക കൂടിയാണ് നവ്യാനായർ. ഇപ്പോൾ മമ്മൂട്ടിയേയും രഞ്ജിത്തിനേയും ഒരുമിച്ചു എയർ പോർട്ടിൽ വെച്ച് കണ്ട നവ്യ നായരുടെ ഫാൻ ഗേൾ സെൽഫികൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ഒരു വലിയ യാത്രയുടെ അവസാനം ഇവരെ കണ്ടതോടെ ഏറെ സന്തോഷം ലഭിച്ചിരിക്കുകയാണ് എന്നും നവ്യ നായർ പറയുന്നു. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിൽ സജീവമാവുകയാണ്. സേതുരാമയ്യർ സി ബി ഐ, ദ്രോണ എന്നീ ചിത്രങ്ങളിൽ ആണ് നവ്യ നായർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുള്ളത്. നന്ദനത്തിനു ശേഷം രഞ്ജിത്ത് രചിച്ച അമ്മകിളിക്കൂട് എന്ന ചിത്രത്തിലും നവ്യ ആയിരുന്നു നായികാ വേഷം ചെയ്തത്.