മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ പ്രേക്ഷകമനസ്സുകളിൽ കാത്തിരിപ്പിന്റെ ആവേശം നിറച്ച് ചിത്രീകരണം തുടരുകയാണ്. ചിത്രത്തിനായി ലാലേട്ടൻ ശരീരഭാരം കുറച്ചതെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോകപ്രശസ്ത വിയറ്റ്നാമീസ് – അമേരിക്കൻ ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് ചിത്രത്തിന്റെ ലൊക്കേഷനിൽ സന്ദർശനം നടത്തിയിരുന്നു. ടെറർ ഓഫ് വാർ എന്ന പുലിറ്റ്സർ പുരസ്ക്കാരം സ്വന്തമാക്കിയ ഫോട്ടോയിലൂടെ വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിന് കാണിച്ചുകൊടുത്ത ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്. ഇപ്പോഴിതാ മലയാളികൾക്കായി ഒരു മനോഹരസമ്മാനം നൽകിയിരിക്കുകയാണ് നിക്ക് ഉട്ട്. ഒടിയനിലെ ലാലേട്ടന്റെയും പ്രകാശ് രാജിന്റെയും ലുക്കുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ പ്രഭ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരുടെ ലുക്ക് നിക്ക് ഉട്ടിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരിക്കുകയാണ്.