അതിരപ്പിള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷനാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന അതിരപ്പിള്ളിയുടെ കാനനഭംഗി ഒപ്പിയെടുത്താണ് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലെ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ലാലേട്ടനും മഞ്ജു വാര്യരും ചേർന്നുള്ള ഗാനരംഗമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ചിത്രീകരിക്കുന്നത്. ലാലേട്ടനും ആന്റണി പെരുമ്പാവൂരുമായി ലൂസിഫറിന്റെ ചർച്ച നടത്തുവാനായി പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ എത്തിയതും ഇന്നലെ ഈ ലൊക്കേഷനിൽ ആയിരുന്നു. പ്രകാശ് രാജ്, നരേൻ എന്നിങ്ങനെ വലിയൊരു താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യുൾ ചിത്രീകരണമ് പാലക്കാട് നടക്കുന്നതിനിടയിലാണ് അതിരപ്പിള്ളിയിൽ മൂന്ന് ദിവസത്തെ ഗാനചിത്രീകരണത്തിനായി ഒടിയൻ എത്തിയിരിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്. ശ്രേയ ഘോഷാൽ ഇതിനകം തന്നെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്.