ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിൽ മുകേഷ് ശക്തിമാൻ വേഷത്തിലെത്തുന്ന ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ ചിത്രം ആരാധകർ ഏറ്റെടുത്തതോടെ മുന്‍പ് ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരയായിരുന്ന ‘ശക്തിമാനി’ലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. . ‘ശക്തിമാന്’ സീരിയലിന്റെ പ്രധാന നടനും നിര്‍മ്മാതാവുമായ തനിക്കാണ് ആ വേഷത്തിന്റെ കോപ്പിറൈറ്റ് എന്നും അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും ഫെഫ്ക യൂണിയന് പ്രസിഡന്റ് രഞ്ജി പണിക്കർക്ക് മുകേഷ് ഖന്ന പരാതി അയച്ചു.
എന്നാൽ ധമാക്ക എന്ന ചിത്രത്തിൽ മുകേഷ് എത്തുന്നത് ഒരു മുഴുനീള കഥാപാത്രം ആയിട്ടല്ല. ഇപ്പോൾ മുകേഷ് ഖന്നയുമായിട്ടുള്ള ചർച്ചയിൽ അദ്ദേഹം എതിർപ്പ് പിൻവലിച്ചു എന്ന വാർത്തയാണ് ഒമർ ലുലു പുറത്തുവിടുന്നത്. ‘ശക്തിമാന്’ റഫറന്‍സ് തന്റെ സിനിമയില്‍ ഉപയോഗിക്കാന്‍ മുകേഷ് ഖന്ന അനുവാദം നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധമാക്കയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. അരുണും നിക്കി ഗൽറാണിയും നായകനും നായികയുമായി എത്തുന്ന ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി, ധര്മ്മജന് ബോല്‍ഗാട്ടി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 15ന് ചിത്രം തിയേറ്ററുകളിലെത്തും.