നെയ്യാറ്റിൻകര ഗോപനെ നെഞ്ചിലേറ്റിയാണ് ‘ആറാട്ട്’ സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നത്. ഫെബ്രുവരി 18ന് തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള എന്റർടയിനർ ആയിരിക്കുമെന്നാണ് ട്രയിലർ നൽകുന്ന സൂചന. ട്രയിലറിന് പിന്നാലെ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസറും കൂടി എത്തിയിരിക്കുകയാണ്. ‘ഒന്നാം കണ്ടം’ എന്ന പാട്ടിന്റെ ടീസർ ആണ് ഇന്ന് യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. ട്രയിലർ പോലെ തന്നെ പാട്ട് ടീസറും ആരാധകരുടെ ഹൃദയം കീഴടക്കുമെന്ന് ഉറപ്പ്. സൈന മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലാണ് സോംഗ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി പതിനെട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മിക്ക തിയറ്ററുകളിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആരാധകരുടെ നീണ്ടവരി തന്നെ ദൃശ്യമാണ്. തൃശൂരിലെ രാഗം തിയറ്ററിൽ ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ മിക്ക ഷോകളും മുഴുവനും ബുക്കിംഗ് ആയി.
ഫെബ്രുവരി നാലിന് യുട്യൂബിൽ റിലീസ് ചെയ്ത ട്രയിലർ അഞ്ചു മില്യണിന് അടുത്ത് ആളുകളാണ് യുട്യൂബിൽ കണ്ടത്. പ്രേക്ഷകർക്ക് ആവേശത്തോടെ കാണാൻ കഴിയുന്ന ഒരു മുഴുനീള എന്റർടയിൻമെന്റ് ചിത്രമായിരിക്കും ആറാട്ട് എന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ – വിജയ് ഉലകനാഥ്, എഡിറ്റര്‍ – സമീര്‍ മുഹമ്മദ്. സംഗീതം – രാഹുല്‍ രാജ്. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യര്‍. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്.