മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.
ചിത്രത്തിന്റെ ട്രെയിലർ ആഗസ്റ്റ് 2ന് വൈകിട്ട് 7 മണിക്ക് ലുലു മാളിൽ വെച്ച് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ പുറത്ത് വിടും.അതേ സമയം തന്നെ മലയാളത്തിലെ പല മുൻനിര താരങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയും ട്രയ്ലർ പുറത്ത് വിടും. മെഗാസ്റ്റാർ മമ്മൂട്ടി, ദിലീപ്,ജയറാം,ദുൽക്കർ,കാളിദാസ് ജയറാം ടോവിനോ,ജയസൂര്യ, ആസിഫ് അലി, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ഷെയ്ൻ നിഗം എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രയ്ലർ പുറത്ത് വിടുക.ചിത്രം ഓഗസ്റ്റ് 15ന് തന്നെ റിലീസിനെത്തും.
അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്,കീർത്തന മൂവീസ് എന്നിവരുടെ ബാനറിൽ റെജിമോൻ ആണ് ചിത്രം നിർമിക്കുന്നത്