ഒരു മുറൈ വന്ത് പാര്ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്.
ഇപ്പോഴിതാ ബോയപടി ശ്രീനു സംവിധാനം നിർവഹിക്കുന്ന നന്ദമുറി ബാലകൃഷ്ണയുടെ ചിത്രത്തിൽ നായികയായി തെലുങ്കിലും അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് പ്രയാഗ. ഒരു IAS ഓഫീസറുടെ വേഷമാണ് താരം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. മിര്യാള രവീന്ദർ റെഡ്ഢി നിർമിക്കുന്ന ചിത്രത്തിൽ ബാലയ്യ ഡബിൾ റോളിലാണ് എത്തുന്നത്.