റിലീസിനു മുമ്പേ തന്നെ 100 കോടി ക്ലബിൽ ഇടം സ്വന്തമാക്കി മരക്കാർ. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം ഇതുവരെ 100 കോടി നേടിയത്. ഡിസംബർ രണ്ടിനാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യുന്നത്. ഇനി ഒരു ദിവസം മാത്രമാണ് ചിത്രം റിലീസ് ചെയ്യാനുള്ളത്. ഡിസംബർ രണ്ടിന് മരക്കാർ റിലീസ് ചെയ്യുന്നത് 4100 സ്ക്രീനുകളിലാണ്.
മലയാളസിനിമയ്ക്ക് ഡിസംബർ രണ്ട് ചരിത്രദിവസമാകുകയാണ്. അതേസമയം, റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബിലെത്തുന്ന ആദ്യ സിനിമ കൂടിയാണ് മരക്കാർ. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്.
അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസിന് എത്തുന്നത്. മോഹന്‍ലാലിനൊപ്പം അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി തുടങ്ങി നീണ്ട താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.