യുവതാരങ്ങളും സഹോദരങ്ങളുമായ പൃഥ്വിരാജും ഇന്ദ്രജിത്തും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. സംവിധായകൻ മുഹ്സിൻ പരാരിയുടെ സഹോദരൻ ഇർഷാദ് പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കഴിഞ്ഞമാസം മുഹ്സിൻ,ഇർഷാദ് എന്നിവരോടൊപ്പം പൃഥ്വിരാജ് സുകുമാരന്റെ ഒരു സെൽഫി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനു ശേഷമാണ് ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം ഉണ്ടാകുമെന്ന അഭ്യൂഹം വരുന്നത്.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ചിത്രത്തെക്കുറിച്ചുള്ള അനൗദ്യോഗികമായ ഒരു അറിയിപ്പ് തന്നിരിക്കുകയാണ് മുഹ്സിൻ പരാരി.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൽ സഹസംവിധായകനായിരുന്നു ഇർഷാദ് പരാരി .ലൂസിഫറിൽ തന്നെയാണ് അവസാനമായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിച്ചത്. ഇരുവരും തമ്മിൽ പക്ഷെ കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും അവസാനമായി ഒന്നിച്ച് എത്തിയ മുഴുനീള ചിത്രം ടിയാനായിരുന്നു .മികച്ച നടന്മാരായ ഈ സഹോദരങ്ങൾ വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുമ്പോൾ ഒരു മികച്ച ചിത്രം തന്നെയാണ് മലയാള സിനിമ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.