കൊവിഡ് മൂലം ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നടന് പൃഥ്വിരാജിന്റെ കൈത്താങ്ങ്. ചലച്ചിത്രത്തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപയാണ് പൃഥിരാജ് നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലേക്കാണ് പൃഥ്വിരാജ് മൂന്ന് ലക്ഷം സംഭാവന ചെയ്തത്. ആശുപത്രിയില്‍ അഡ്മിറ്റ് ആയ കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി.
ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കല്യാണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ ടി എസ് കല്യാണരാമന്, ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതം സാന്ത്വന പദ്ധതിയിലേക്ക് നല്‍കിയിരുന്നു.