മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തു. പൃഥ്വിരാജ് തന്നെ നായകനാകുന്ന ചിത്രത്തിന്റെ ‘9’ എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്സും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. സോണി പിക്ചേഴ്സ് മലയാളത്തിൽ ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒരു ഹൊറർ ത്രില്ലർ ഫീൽ പകരുന്ന ചിത്രത്തിന്റെ പോസ്റ്റർ ഏറെ പ്രതീക്ഷകൾ പകരുന്നതാണ്. ജെനൂസ് മുഹമ്മദാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. അഭിനന്ദൻ രാമാനുജം ക്യാമറയും ഷാൻ റഹ്മാൻ സംഗീതവും കൈകാര്യം ചെയ്യുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. മലയാളത്തിൽ ഇന്നേ വരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയവും അവതരണവുമായിരിക്കും ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. എന്തായാലും കാത്തിരിക്കാം ഒരു നല്ല ചിത്രത്തിനായി. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.