അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും നിർമാണത്തിലും തന്റെ കൈയൊപ്പ് ചാർത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ. നടനെന്ന നിലയിൽ മികച്ച വേഷങ്ങൾ ചെയ്ത് വളരെ വ്യത്യസ്തനായ താരമാണ് പൃഥ്വിരാജ്. ലൂസിഫർ, ബ്രോ ഡാഡി എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു താരം. കെ ജി എഫ് ചാപ്റ്റർ രണ്ടിന്റെ വിതരണക്കാരനായി കൈയടി നേടിയതിനൊപ്പം സിനിമ നിർമാണ രംഗത്തും തന്റെ കൈയൊപ്പ് ചാർത്തി കഴിഞ്ഞു നടൻ. പൃഥ്വിരാജ് നായകനായി എത്തിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ‘ജനഗണമന’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/01/Prithviraj-Sukumaran-calls-Bro-Daddy-as-a-simple-movie.jpg?resize=788%2C443&ssl=1)
ജനഗണമനയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടയിൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് നിരവധി കാര്യങ്ങളെക്കുറിച്ച് മനസ് തുറന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തിൽ നിന്ന് പിന്മാറിയത് തന്നെ വളരെയധികം വിഷമിപ്പിച്ച ഒരു തീരുമാനം ആയിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. ആടുജീവിതം ഷൂട്ടിംഗ് ഉള്ളതുകൊണ്ടാണ് തനിക്ക് ഷൂട്ടിംഗിൽ നിന്ന് പിന്മാറേണ്ടി വന്നത്. ആ ചിത്രത്തിൽ മോഹൻലാലിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു ത്രീഡി ചിത്രം ഒരുക്കുന്നതിനെക്കുറിച്ച് ഒരുപാട് പഠിക്കാമായിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.
ത്രീഡിയിൽ ഒരു ചിത്രം ഒരുക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും ഐമാക്സിലൊക്കെ ഒരു ചിത്രം പുറത്തിറക്കുക എന്നതാണ് ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. അത്തരത്തിൽ ഒരു ത്രീഡി ചിത്രത്തിന്റെ ഐഡിയ മോഹൻലാലുമായി പങ്കുവെച്ചിട്ടുണ്ടെന്നും അതു കേട്ടപ്പോൾ തന്നെ പോലെ ലാലേട്ടനും ആവേശഭരിതനായെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മുംബൈയിലെ ഒരു വലിയ സ്റ്റുഡിയോ ഹെഡിന്റെ വീട്ടിൽ തന്നെ കൊണ്ടുപോയ ലാലേട്ടൻ അവരോട് തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് സംസാരിക്കുകയും എന്നും ഈ ചിത്രം നിർമ്മിക്കാൻ കൂടെ ഉണ്ടാവണമെന്ന് അവരോടു ലാലേട്ടൻ തന്നെ പറഞ്ഞു എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.