ലൂസിഫർ രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനത്തിലൂടെ പൃഥ്വിരാജ് വീണ്ടും വാർത്താമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്.എമ്പുരാൻ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തവർഷം പകുതിയോടെ ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രിത്വിരാജ് അറിയിച്ചു.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകൻ സക്കറിയയുടെ അടുത്ത ചിത്രത്തിൽ പൃഥ്വിരാജ് അണിനിരക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. സംവിധായകൻ സക്കറിയയും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയുമായുള്ള പൃഥ്വിരാജിന്റെ ഒരു ചിത്രം ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇത് പുതിയ ഒരു ചിത്രത്തിലേക്കുള്ള സൂചന നൽകുന്നു എന്നാണ് ആരാധകരുടെ പക്ഷം. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം ഏതാണെന്ന് പൃഥ്വിരാജിനോട് ചോദിച്ചപ്പോൾ സുഡാനി ഫ്രം നൈജീരിയ എന്നാണ് മറുപടി. കഴിഞ്ഞവർഷം ഏറ്റവും ഇഷ്ടപ്പെട്ട ചിത്രത്തിന്റെ സംവിധായകന്റെ കൂടെ ഒരു ചിത്രം ചെയ്യാനുള്ള അവസരം പൃഥ്വിരാജ് തട്ടി കളയില്ല എന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്നു. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.