ഒരു കാലത്ത് സോഫ്റ്റ് പോൺ ചിത്രങ്ങളിലൂടെ സിനിമ ലോകം വാണിരുന്ന നടിയായ ഷക്കീലയുടെ ജീവിതം ഇനി തിരശീലയിലേക്ക്. മലയാളത്തിലാണ് ഷക്കീല കൂടുതൽ പ്രവർത്തിച്ചിരുന്നതെങ്കിലും സിനിമ എത്തുന്നത് ബോളിവുഡിലാണ്. റിച്ചയാണ് ഷക്കീലയുടെ റോൾ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഷക്കീലയുടെ കാമുകനായി മലയാളിയായ രാജീവ് പിള്ളയാണ് എത്തുന്നത്. അർജുൻ എന്ന കഥാപാത്രത്തെയാണ് രാജീവ് പിള്ള അവതരിപ്പിക്കുന്നത്. ഷക്കീലയെ പോലൊരു നായികയുടെ ജീവചരിത്രം സിനിമയാകുമ്പോൾ അതിൽ നായകനായി അഭിനയിക്കുവാൻ ഏതെങ്കിലും തരത്തിൽ ഉള്ള പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് രാജീവ് പിള്ളയുടെ ഉത്തരമേ ഇങ്ങനെ ആയിരുന്നു.
“കന്നടയിൽ നിരവധി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷിന് ഞാൻ ഈ റോൾ ചെയ്യാൻ യോഗ്യനാണെന്ന് മനസ്സിലായി. ഇതൊരു ബയോപിക്ക് ആണെങ്കിലും, ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അവരവരുടേതായ പ്രത്യേകതകൾ ഉണ്ട്. എനിക്ക് യാതൊരു പേടിയുമില്ല. കാരണം ഇതൊരു ‘ക്ലീൻ’ സിനിമയാണ്. ഷക്കീലയുടെ യഥാർത്ഥ ജീവിതമാണ് ഈ ചിത്രത്തിലൂടെ കാണിക്കുന്നത്. ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ആ നടിയെ അവസാനം പ്രിയപ്പെട്ടവർ തന്നെ അവർ നേടിയെടുത്തത് കൈക്കലാക്കി ഉപേക്ഷിക്കുകയാണ് ചെയ്തത്.”