സോഷ്യൽ മീഡിയയിൽ ഏറ്റവും വേഗത്തിൽ കമ്മ്യൂണിക്കേഷൻ നടത്തപ്പെടുന്ന ഒരു വഴിയാണ് ട്രോളുകൾ. ഫോട്ടോസും വീഡിയോസുമെല്ലാം ഇത്തരത്തിൽ ട്രോളിന് വിഷയമാകാറുണ്ട്. സെലിബ്രിറ്റിസും അവരെ കുറിച്ചുള്ള ട്രോളുകൾ ഇഷ്ടപ്പെടുന്നവരും സോഷ്യൽ മീഡിയയിൽ അവരുടെ തന്നെ പേജുകളിലൂടെ ഷെയർ ചെയ്യുന്നവരുമാണ്. ഇത്തരത്തിൽ FFC എന്ന ട്രോൾ ഗ്രൂപ്പിലെ ഒരു ഫോട്ടോ ചാക്കോച്ചന് അയച്ചു കൊടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് സംവിധായകനും നിർമാതാവുമായ രഞ്ജിത്ത് ശങ്കർ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘ചരിത്ര വേഷങ്ങൾ ചെയ്യാൻ മലയാളത്തിൽ മമ്മൂട്ടി ആണ് മികച്ചതെന്ന് പറയുന്നവർ ചാക്കോച്ചന്റെ പുത്തൂരം പൂത്തിരി [പുത്രി] ഉണ്ണിയാർച്ച കാണാത്തവർ ആണ്’ എന്ന ക്യാപ്ഷനാണ് ട്രോളിലുള്ളത്.
ട്രോൾ അയച്ചു കൊടുത്തപ്പോൾ ‘എനിക്കിട്ട് പണിയുവാൻ ഇറങ്ങിയേക്കുവാണല്ലേ ദുഷ്ടാ’ എന്നാണ് ചാക്കോച്ചൻ മറുപടി കൊടുത്തത്. ആരോ അയച്ചു തന്ന ട്രോൾ ഫോർവേഡ് ചെയ്തതാണ് താനെന്ന് പറഞ്ഞ രഞ്ജിത്ത് ശങ്കർ ആ സിനിമ കണ്ടിട്ടില്ല, കാണണം എന്നും പറഞ്ഞു. ട്രോള്ളിട്ടവനെ അങ്ങ് തട്ടിയേക്കാനും തമാശരൂപേണ ചാക്കോച്ചൻ പറഞ്ഞു. രഞ്ജിത്ത് ശങ്കർ സംവിധാനം നിർവഹിച്ച രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ ചാക്കോച്ചൻ അഭിനയിച്ചിട്ടുണ്ട്. അജു വർഗീസ് നായകനാകുന്ന കമലയാണ് രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം. അഞ്ചാം പാതിരായാണ് ചാക്കോച്ചന്റെ പുതിയ ചിത്രം.