മരക്കാർ സിനിമയുടെ ഒരു സഹ നിർമ്മാതാവായ് ആന്റണി പെരുമ്പാവൂരിനൊപ്പം ചേരുവാൻ കഴിഞ്ഞത് ഈ നാടിനോടുള്ള കടമയായ് കരുതുന്നെന്ന് സഹനിർമ്മാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള. അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്തോഷ് ടി കുരുവിള ഇങ്ങനെ പറഞ്ഞത്.
സന്തോഷ് ടി കുരുവിള ഫേസ്ബുക്കിൽ കുറിച്ചത്, ‘ലോകമാകെയുള്ള സിനിമാ പ്രേമികളുടെ പുരസ്കാരത്തിനായ് ‘കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം’ ഈ വരുന്ന ഡിസംബർ രണ്ടിന് സമർപ്പിക്കപ്പെടുകയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിൽ തുടങ്ങി നിരവധി അവാർഡുകൾ ചിത്രം നേടി കൊണ്ടിരിക്കുകയാണ്. പ്രിയദർശൻ എന്ന മികച്ച സംവിധായകനൊപ്പം മോഹൻലാൽ എന്ന നടന്റെ അഭിനയ ചാരുതയും ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്റെ ചങ്കൂറ്റവും കൂടി ചേർന്നപ്പോൾ മലയാള വാണിജ്യ സിനിമാ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി എഴുതി ചേർക്കപ്പെടുകയാണ്.
കേരളീയർ ഒരു പക്ഷേ പാഠപുസ്തകങ്ങളിൽ നിന്ന് ഗ്രഹിച്ച കുഞ്ഞാലിമരയ്ക്കാർ എന്ന വീരപുരുഷന്റെ കഥ അഭ്രപാളിയിലേക്ക് പകർത്തുക എന്നത് തന്നെ കടുത്ത വെല്ലുവിളി നിറഞ്ഞ സർഗപ്രക്രിയയായിരുന്നു. ലഭ്യമായ ചരിത്ര വായനയിൽ തന്നെ ദേവാസുര ഭാവത്തിൽ വിഭിന്നമായ് രേഖപ്പെടുത്തപ്പെട്ട കുഞ്ഞാലിമരക്കാരുടെ ഒരു പുതിയ വ്യാഖ്യാനമായ് തന്നെ കാണാം ഈ വലിയ സിനിമ. കലാ സംവിധായകനായ സാബു സിറിൽ, ഛായാഗ്രാഹകനായ തിരു, ആദ്യചിത്രത്തോടെ തന്നെ സ്പെഷ്യൽ ഇഫക്ട്സിൽ ദേശീയ പുരസ്കാരം നേടിയ സിദ്ധാർത്ഥ് പ്രിയദർശൻ അങ്ങിനെ പ്രഗത്ഭമതികളായ സങ്കേതിക വിദഗ്ധരുടെ സമ്മേളനം കൂടിയാണ് ഈ വമ്പൻ ചലച്ചിത്രം. അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിയ്ക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേയ്ക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. ശ്രീ ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിർമ്മാതാവായ് ചേരുവാൻ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായ് കരുതുന്നു.’