വെറും രണ്ട് ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് സൗന്ദര്യ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വേണ്ടിയുള്ള ഒരു യാത്രക്കിടെ അപകടം താരത്തിന്റെ ജീവൻ അപഹരിച്ചു. സൗന്ദര്യ അവസാനമായി അഭിനയിച്ച ചിത്രം ചന്ദ്രമുഖിയുടെ കന്നട റീമേക്ക് ആണ്. അത് തന്റെ അവസാന ചിത്രമായിരിക്കും എന്ന് സൗന്ദര്യ തന്നോട് പറഞ്ഞിരുന്നതായി സംവിധായകൻ ആർ വി ഉദയകുമാർ ഇപ്പോൾ ഓർത്തെടുക്കുകയാണ്. തന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടെ ആണ് അദ്ദേഹം സൗന്ദര്യയെകുറിച്ച് തുറന്നു പറഞ്ഞത്. പൊന്നുമണി എന്ന ചിത്രത്തിലൂടെ ഉദയകുമാർ തന്നെയാണ് സൗന്ദര്യയെ അഭിനയലോകത്തേക്ക് എത്തിച്ചത്.
ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ താൻ രണ്ട് മാസം ഗർഭിണി ആണെന്നും അതിനാൽ ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും ഇനി അഭിനയിക്കുന്നില്ലെന്നും സൗന്ദര്യ പറഞ്ഞതായി ഉദയകുമാർ പറയുന്നു. ഉദയകുമാർ ആദ്യമായി സൗന്ദര്യയുടെ വീട്ടിലേക്ക് പോയത് താരത്തിന്റെ അന്ത്യകർമ്മങ്ങൾക്ക് വേണ്ടി ആണെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു. സൗന്ദര്യ ഉദയകുമാറിനെ അണ്ണൻ എന്നായിരുന്നു വിളിച്ചിരുന്നത്. ഉദയകുമാറിന് ആദ്യം അത് ഇഷ്ടമായിരുന്നില്ലെങ്കിലും പിന്നീട് സൗന്ദര്യയെ സ്വന്തം സഹോദരിയായി കാണുവാൻ തുടങ്ങി. തന്നോട് അവൾക്ക് പ്രത്യേക പരിഗണനയും ആദരവും ഉണ്ടായിരുന്നുവെന്ന് ഉദയകുമാർ പറയുന്നു.