മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ എലോണിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഏലൂരിലെ വി വി എം സ്റ്റുഡിയോയില്‍ ആണ് ഷൂട്ടിംഗ്. സിനിമയിലെ നായകൻ മോഹൻലാൽ കഴിഞ്ഞദിവസമാണ് സെറ്റിൽ ജോയിൻ ചെയ്തത്. എന്നാൽ, സെറ്റിലുള്ള എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ഷാജി കൈലാസിന്റെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് ആണ്. എലോൺ സിനിമയിൽ അച്ഛനോടൊപ്പം സംവിധാന സഹായിയായി പ്രവർത്തിക്കുകയാണ് ജഗൻ. ‘മൈ ന്യൂ അസിസ്റ്റന്റ്’ എന്ന അടിക്കുറിപ്പ് നൽകി ഷാജി കൈലാസ് തന്നെയാണ് മകനുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്.
ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യണമെന്നുള്ളതാണ് ജഗന്റെ ആഗ്രഹം. അതിന്റെ എഴുത്തു ജോലികൾ പുരോഗമിച്ചു വരികയാണ്. അതിനിടയിലാണ് സംവിധാനത്തിൽ അച്ഛന്റെ ശിഷ്യനാകാൻ തീരുമാനിച്ചത്. മോഹൻലാലിനെ നായകനാക്കി നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോൺ. ആശിർവാദ് സിനിമാസിന്റെ മുപ്പതാമത് ചിത്രമാണ് എലോൺ എന്നത് മറ്റൊരു പ്രത്യേകതയാണ്.
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ സൂപ്പർ ഹിറ്റ് ആയിരുന്നു. ആ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് ജഗന്നാഥൻ എന്നായിരുന്നു. സുഹൃത്തുക്കളെല്ലാം ജഗൻ എന്നു വിളിക്കുന്ന ജഗന്നാഥൻ. അതിന്റെ ഓർമ കൂടിയാണ് മകന് ജഗൻ എന്ന പേരു നൽകാൻ ഷാജി കൈലാസിനെ പ്രേരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം സിനിമ സംവിധാനം ചെയ്യുമ്പോൾ അതിൽ സംവിധാന സഹായിയായി ജഗൻ എത്തുന്നത് അത്ഭുതമായിരിക്കുകയാണ്. ഷാജി കൈലാസിന്റെ ഇളയമകൻ റൂഷിൻ താക്കോൽ എന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ കൗമാരകാലം അഭിനയിച്ചിരുന്നു.