പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കടുവ പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ ഷാജി കൈലാസ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചു. പൃഥ്വിരാജും വിവേക് ഒബ്റോയും നേർക്കുനേർ നിൽക്കുന്ന ചിത്രമായിരുന്നു ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് വിവേക് ഒബ്റോയി ആണ്.
‘ഞാൻ എല്ലാത്തിലേക്കും എല്ലാ ആളുകളിലേക്കും ആഴത്തിൽ നോക്കുന്ന ആളാണ്. കാരണം, കണ്ണിന് കാണാവുന്നതിനും അപ്പുറം ഒരുപാടുണ്ട് എന്ന് ചെറുപ്പത്തിൽ തന്നെ ഞാൻ മനസിലാക്കിയിരുന്നു’ – ഇങ്ങനെ കുറിച്ചാണ് പൃഥ്വിരാജിനും വിവേക് ഒബ്റോയിക്കും ഒപ്പമുള്ള ചിത്രം ഷാജി കൈലാസ് പങ്കുവെച്ചത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലാണ് വിവേക് ഒബ്റോയി മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച സിനിമ ആയിരുന്നു കടുവ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ വില്ലനായാണ് വിവേക് ഒബ്റോയി എത്തുന്നത്.