നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് കൊച്ചിയിൽ തുടക്കമായി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാനിന്റെ ഷൂട്ടിംഗ് പൂർത്തിയായതിനു ശേഷം ഒക്ടോബർ അഞ്ചിന് മോഹൻലാൽ ഷാജി കൈലാസ് പടത്തിൽ ജോയിൻ ചെയ്യും. രാജേഷ് ജയരാമനാണ് ഷാജി കൈലാസ് – മോഹൻലാൽ പടത്തിന്റെ തിരക്കഥ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹൻലാൽ ഇതിനുമുമ്പ് പൂർത്തിയാക്കിയ മറ്റൊരു ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയിലും മോഹൻലാൽ ആണ് നായകൻ. ഇതിൽ ബോക്സറുടെ വേഷമാണ് മോഹൻലാലിന്.
നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ കഴിഞ്ഞദിവസം നടന്നിരുന്നു. വീണ്ടും ഒരു ആറാം തമ്പുരാന് വേണ്ടി കാത്തിരിക്കുന്നു എന്നായിരുന്നു പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച സംവിധായകന്റെ പോസ്റ്റിനു മറുപടിയായി ആരാധകർ കുറിച്ചത്. കൈലാസ് – മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ്. അതിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ്. ഡോൺ മാക്സ് ആണ് എഡിറ്റർ. സംഗീതം ജേക്സ് ബിജോയി.
ആറാം തമ്പുരാൻ, നരസിംഹം എന്നിങ്ങനെ മോഹൻലാലും ഷാജി കൈലാസും ഒരുമിച്ച ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിച്ച ആദ്യചിത്രം ആറാം തമ്പുരാൻ പുറത്തിറങ്ങിയത് 1997ൽ ആയിരുന്നു. സൂപ്പർഹിറ്റ് ആയ ചിത്രത്തിൽ മോഹൻലാലും മഞ്ജു വാര്യരും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും ആരാധകരുടെ മനസിലുണ്ട്. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവയാണ് ഇരുവരും ഒരുമിച്ച് എത്തിയ മറ്റു ചിത്രങ്ങൾ. 2013ൽ സംവിധാനം ചെയ്ത ജിഞ്ചറിനു ശേഷം പൃഥ്വിരാജ് നായകനാകുന്ന കടുവയിലൂടെയാണ് 2019ൽ ഷാജി കൈലാസ് വീണ്ടും സംവിധായകനായത്.