മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. ചിത്രം നവംബർ 21 നായിരുന്നു ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്. അതിൽനിന്നും ഡിസംബർ 12ലേക്ക് ക്രിസ്മസ് റിലീസായി ചിത്രം എത്തിയതോടെ ക്രിസ്മസ് റിലീസ് ആയി പ്ലാൻ ചെയ്തിരുന്ന മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ ഷൈലോക്ക് അടുത്ത വർഷം ജനുവരി 23 ലേക്ക് റിലീസ് മാറ്റി വെച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസർ ഉടൻ തന്നെ പുറത്തെത്തും എന്ന് നിർമാതാവായ ജോബി ജോർജ് അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് തന്നെ ഇതിന്റെ ടീസർ എഡിററിംഗ് കഴിഞ്ഞു എന്ന് ഇതിന്റെ ടീസർ എഡിറ്റ് ചെയ്ത ലിന്റോ കുര്യൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വഴി അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ മമ്മൂട്ടി ആരാധകർക്കിടയിൽ പരക്കുന്ന ഒരു വാർത്ത മാമാങ്കം റിലീസ് ദിവസം ആയിരിക്കും ഷൈലോക്കിന്റെ ടീസർ റിലീസ് ചെയ്യുക എന്നാണ്.
അന്നേ ദിവസം തന്നെ മാമാങ്കം കളിക്കുന്ന തീയേറ്ററുകളിലും ഓൺലൈനിലും ഷൈലോക്ക് ടീസർ റിലീസ് ചെയ്താൽ മമ്മൂട്ടി ആരാധകർക്ക് ഡബിൾ ട്രീറ്റ് ആയിരിക്കും ലഭിക്കുന്നത്. ഇതുസംബന്ധിച്ച് ഒഫീഷ്യൽ റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും മമ്മൂട്ടി ആരാധകർ ഇങ്ങനെ വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്. എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും അജയ് വാസുദേവ് ഒരുക്കിയ മൂന്നാമത്തെ ചിത്രമായ ഷൈലോക്ക് നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജും ആണ്. മാമാങ്കത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ ഷൈലോക്കിൽ എത്തുന്നത് ഒരു പലിശക്കാരന്റെ വേഷത്തിൽ ആണ്. മാമാങ്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്.