മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. ചെറുതും വലുതുമായി ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള താരം കൂടിയാണ് മോഹൻലാൽ. എന്നാൽ, മോഹൻലാലിന്റെ ഒരു ആരാധികയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ആറാട്ട് വരെയുള്ള മോഹൻലാൽ ചിത്രങ്ങൾ ആദ്യദിവസത്തെ ആദ്യഷോ തന്നെ കണ്ട ആരാധികയാണ് ശ്രീദേവി അന്തർജനം. ‘ആറാട്ട്’ ആണ് ഏറ്റവും അടുത്തായി തിയറ്ററുകളിൽ റിലീസ് ആയ മോഹൻലാൽ ചിത്രം. കോട്ടക്കലിലെ തിയറ്ററിൽ നിന്നാണ് ശ്രീദേവി അന്തർജനം സിനിമ കണ്ടത്.
കൊടുങ്ങല്ലൂർ സ്വദേശിനിയായ ഇവർ കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിലെ ജോലിക്കാരി കൂടിയാണ്. ഇന്നോ ഇന്നലെയോ അല്ല അവർ തിയറ്ററുകളിൽ എത്തി സിനിമ കാണാൻ തുടങ്ങിയത്. കുട്ടിക്കാലം മുതൽക്ക് തന്നെ സിനിമകളോട് വലിയ താൽപര്യമായിരുന്നു ശ്രീദേവിക്ക്. മഞ്ഞിൽ വിരിഞ്ഞ പൂക്കൽ മുതൽ ആറാട്ട് വരെയുള്ള എല്ലാ മോഹൻലാൽ ചിത്രങ്ങളും ആദ്യഷോ തന്നെ കണ്ടിട്ടുണ്ട് ശ്രീദേവി. മോഹൻലാലിന്റെ ആദ്യകാല സിനിമകളെല്ലാം ഇവർ കണ്ടത് തൃശൂരിലെയും കൊടുങ്ങല്ലൂരിലെയും തിയറ്ററുകളിൽ നിന്നായിരുന്നു. കഴിഞ്ഞ 28 വർഷക്കാലമായി കോട്ടയ്ക്കലിൽ ആണ് ഇവർ താമസിക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ 28 വർഷമായി പുറത്തിറങ്ങുന്ന മോഹൻലാൽ സിനിമകളെല്ലാം കാണുന്നത് ഇവിടുത്തെ തിയറ്ററിൽ നിന്നാണ്.
സിനിമ ‘ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ’ കാണുന്നതിന് ഒരു കാരണവും ശ്രീദേവി അന്തർജനത്തിനുണ്ട്. മറ്റുള്ളവർ അഭിപ്രായം പറയുന്നതിന് മുമ്പ് തന്നെ സിനിമ നേരിൽ കാണാമല്ലോ എന്നാണ് ശ്രീദേവി പറയുന്നത്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ മോഹൻലാലിനെ ഇവർ നേരിട്ട് കണ്ടിട്ടുണ്ട്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആയിരുന്ന ഡോക്ടർ പി കെ വാരിയരെ കാണുവാൻ വേണ്ടി ഒരിക്കൽ മോഹൻലാൽ എത്തിയപ്പോൾ ആയിരുന്നു ആദ്യമായി മോഹൻലാലിനെ അടുത്തു കണ്ടത്. അന്ന് കണ്ടതിന്റെ ത്രില്ല് ഇപ്പോഴും വിട്ടു മാറിയിട്ടില്ല എന്നാണ് ശ്രീദേവി അന്തർജനം പറയുന്നത്.