സുരേഷ് ഗോപിയുടെ 250ആം ചിത്രം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു കടുവകുന്നേൽ കുറുവച്ചൻ എന്ന ചിത്രം. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന് ഇപ്പോൾ കോടതിയുടെ വിലക്ക് ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുവാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ചിത്രത്തിനെതിരെ കോടതിയിൽ പരാതി നൽകിയത്.
കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ഹർജിക്കാർ ആരോപിക്കുന്നു. സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കടുവ എന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്ന ജിനു എബ്രഹാമാണ് കോടതിയിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗും അതുപോലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി.
കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയത്.