ലൂസിഫർ സിനിമ കണ്ടവരാരും സയീദ് മസൂദിനെയും ബോബിയെയും മറക്കില്ല. സിനിമയിൽ ശത്രുപക്ഷത്ത് ആയിരുന്ന ഈ രണ്ടു പേരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പോയിട്ട് ഒരുമിച്ചിരിക്കുന്നത് പോലും സങ്കൽപ്പിക്കാൻ കഴിയില്ല. എന്നാൽ, രണ്ടു പേരും ഒരുമിച്ച് ഡിന്നർ കഴിക്കാൻ പോകുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.
‘സയീദ് മസൂദും ബോബിയും ഒരു അത്താഴത്തിനായി ഒരുമിച്ച് കണ്ടപ്പോൾ’ – എന്ന് കുറിച്ചാണ് സുപ്രിയ മേനോൻ ചിത്രം പങ്കുവെച്ചത്. പൃഥ്വിരാജും വിവേക് ഒബ്റോയിയും നിറചിരിയോടെ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന് വളരെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ‘ഇതെങ്ങാനും സ്റ്റീഫൻ അറിഞ്ഞാൽ’, ‘ഓഹോ അപ്പോ നീ ആയിരുന്നു അല്ലേ ആ പോൾ ബാർബർ പാവം സ്റ്റീഫൻ’, ‘ബോബി എന്താണാവോ ഓഫർ ചെയ്തേ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്റോയി, സാനിയ ഇയ്യപ്പൻ, ടോവിനോ തോമസ്, കലാഭവൻ ഷാജോൺ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
View this post on Instagram