പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ നൗഷാദിനെ അഭിനന്ദിച്ച് നടനും നിർമ്മാതാവുമായ തമ്പി ആന്റണി രംഗത്തെത്തിയിരിക്കുകയാണ്. ബ്രോഡ്വേയിൽ വഴിയോര കച്ചവടം നടത്തുന്ന മട്ടാഞ്ചേരിക്കാരൻ നൗഷാദ് 5 ചാക്ക് കുഞ്ഞുടുപ്പുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആയി കൊടുത്തയച്ചത്. ഇത് അയാൾക്ക് നഷ്ടം വരുത്തില്ലെ എന്ന ചോദ്യത്തിന് നാളെ പെരുന്നാൾ അല്ലേ ഇതാണ് എന്റെ പെരുന്നാൾ എന്നും നമ്മൾ പോകുമ്പോൾ ഒന്നും കൊണ്ടു പോകുന്നില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നൗഷാദിന്റെ വിശാല മനസ്കത എല്ലാവർക്കും ഒരു പ്രചോദനമാണ് എന്ന് പറഞ്ഞ തമ്പി ആന്റണി 50,000 രൂപ അദ്ദേഹത്തിന് നൽകുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു. നൗഷാദിന്റെ ഫോൺനമ്പർ തനിക്ക് ലഭിച്ചെന്നും ഉടനെതന്നെ ബന്ധപ്പെടുമെന്നും തമ്പി ആന്റണി പറഞ്ഞു.