മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ. തിയറ്ററുകളിൽ സിനിമ കണ്ടവർ കപ്പലിലെ യുദ്ധരംഗങ്ങളും കടലിലെ തിരയിളക്കവും കണ്ട് അമ്പരന്നു പോയി. എന്നാൽ, സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാടുകളുടെ കഥ പങ്കുവെയ്ക്കുകയാണ് അണിയറപ്രവർത്തകർ. സൈന മൂവീസിന്റെ യുട്യൂബ് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുന്ന് വമ്പൻ കപ്പലുകളാണ് സാബു സിറിലിന്റെ നേതൃത്വത്തിൽ മരക്കാർ സിനിമയ്ക്കായി തയ്യാറാക്കിയത്. കപ്പലിനു 60 അടി ഉയരവും 100 അടി നീളവുമുണ്ട്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു വലിയ ടാങ്കും നിർമിച്ചു. അതിൽ വെള്ളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കു വേണ്ടി സൃഷ്ടിച്ചെടുത്തത്.
തിരയുണ്ടാക്കിയതും വളരെ തന്ത്രപരമായാണ്. ഇരുപത് അടി ഉയരമുള്ള ടാങ്കുകളിൽ വെള്ളം നിറച്ച് ഒരുമിച്ച് തുറന്നുവിട്ടാണ് തിരയുണ്ടാക്കിയത്. തിരയുണ്ടാക്കാൻ സഹായിച്ചത് യമഹ എഞ്ചിനാണ്. മീൻ പിടുത്തക്കാർ ഉപയോഗിക്കുന്ന യമഹ എൻചിനുകൾ ഒരുമിച്ച് പ്രവർത്തിപ്പിച്ച് തിരയ്ക്ക് ശക്തി കൂട്ടി. കൂടാതെ മണ്ണുമന്തി യന്ത്രത്തിന്റെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവെച്ച് ആഞ്ഞടിച്ച് തിരയുടെ ഇളക്കമുണ്ടാക്കി. കടലിൽ വെളുത്ത പതയുണ്ടാക്കിയത് ടൺ കണക്കിന് സോപ്പ് പൊടിയിട്ടായിരുന്നു. ചുരുക്കി പറഞ്ഞാൽ ഒന്നും രണ്ടുമല്ല നൂറുകണക്കിന് ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് നമ്മൾ തിയറ്ററിൽ വെറും മൂന്നു മണിക്കൂർ കൊണ്ട് കണ്ടു തീർത്തത്.