ഒടിടി റിലീസിലൂടെ വിജയം കുറിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം മറ്റൊരു വ്യത്യസ്ഥ ചിത്രവും നീസ്ട്രീമിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ ജോർജ് കോരയും സാം സേവ്യറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന തിരികെ ഫെബ്രുവരി 26നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഡൗൺ സിൻഡ്രോമുള്ള ഒരു പയ്യനും അവന്റെ സഹോദരനും തമ്മിലുള്ള സാഹോദര്യത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് യഥാർത്ഥത്തിൽ ഡൗൺ സിൻഡ്രോമുള്ള കോഴിക്കോട് സ്വദേശിയായ ഗോപീകൃഷ്ണനാണ്. ഗോപികൃഷ്ണ വർമ, ജോർജ് കോര, ശാന്തി കൃഷ്ണ, ഗോപൻ മങ്ങാട്ട്, സരസ ബാലുശ്ശേരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കോമഡി – ഡ്രാമ ഗണത്തിൽപ്പെട്ട ചിത്രം ഡൗൺ സിൻഡ്രോമുള്ളവരെ സഹതാപത്തോടെ നോക്കേണ്ടതല്ല മറിച്ച് അവരുടെ ജീവിതവും ആഘോഷിക്കപ്പെടേണ്ടതാണ് എന്നൊരു സന്ദേശം സമൂഹത്തിന് പകരുന്നുണ്ട്. ജോർജ് കോരയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ചെറിൻ പോൾ. എഡിറ്റിങ് ലാൽ കൃഷ്ണ. സംഗീതം അങ്കിത് മേനോൻ. നേഷൻവൈഡ് പിക്ചേഴ്സിന്റെ ബാനറിൽ അബ്രഹാം ജോസഫ്, ദീപക് ദിലിപ് പവാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിജോ കുര്യൻ, റോണിലാല് ജയിംസ്, മനു മട്ടമന, സിജോ പീറ്റർ, പോൾ കറുകപ്പിള്ളിൽ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്.