മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന നീരാളി ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകലക്ഷങ്ങൾക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നീരാളി ആദ്യഷോ തന്നെ കാണുമെന്നാണ് യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ ടോവിനോ പറഞ്ഞിരിക്കുന്നത്. നീരാളിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തുന്ന നീരാളി ജെങ്ക കോണ്ടസ്റ്റിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 14 ശനിയാഴ്ച കൊച്ചി പനമ്പിള്ളി നഗറിലുള്ള ഡോണട്ട് ഫാക്ടറിയിൽ വെച്ചാണ് ജെങ്ക കോണ്ടസ്റ്റ് നടത്തുന്നത്.
ടോവിനോയെ പോലെ തന്നെ ലാലേട്ടന്റെ കിടിലൻ പെർഫോമൻസ് കാണാൻ കാത്തിരിക്കുകയാണെന്നാണ് മലയാളികളുടെ പ്രിയനായികമാരായ അപർണ ബാലമുരളിയും നമിത പ്രമോദും പറഞ്ഞത്. നീരാളി സ്പെഷ്യൽ ഡോണട്ട് പ്രേക്ഷകർക്കായി സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ സാജു തോമസ് ആണ്. ഈ ത്രില്ലർ ചിത്രം പ്രേക്ഷകരെ ഒന്നാകെ കീഴടക്കുമെന്ന് ഉറപ്പാണ്. ലാലേട്ടനെ കൂടാതെ നാദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, നാസർ, ദിലീഷ് പോത്തൻ, പാർവതി നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.