ദക്ഷിണേന്ത്യൻ സുന്ദരി തൃഷയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ഒരാളല്ല. ചെയ്യുന്ന ഓരോ റോളും മനോഹരമാക്കുന്ന ഈ നായിക തന്റെ ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താറുമില്ല. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ ഇന്ത്യൻ സിനിമയിൽ തനിക്കിഷ്ടപ്പെട്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് താരം. മോഹൻലാൽ, കമലഹാസൻ, ആമിർ ഖാൻ എന്നിവരാണ് തൃഷയുടെ ലിസ്റ്റിൽ ഉള്ളവർ.
ശ്യാമപ്രസാദ് ഒരുക്കിയ നിവിൻ പോളി ചിത്രം ഹേയ് ജൂഡിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തൃഷയുടെ രണ്ടാമത്തെ മലയാള സിനിമ പ്രിയതാരം മോഹൻലാലിനൊപ്പമുള്ള റാമാണ്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം. മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിൽ താൻ വളരെയേറെ ത്രില്ലിലാണ് എന്ന് ചിത്രത്തിന്റെ ലോഞ്ചിങ്ങ് സമയത്ത് തന്നെ തൃഷ വ്യക്തമാക്കിയിരുന്നു. ലാലേട്ടനെ കാണുമ്പോഴൊക്കെ എന്നാണ് ഒരു ചിത്രം ഒരുമിച്ച് ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. റാമിൽ ഒരു ഡോക്ടറുടെ കഥാപാത്രമാണ് തൃഷ കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയുവാൻ കഴിഞ്ഞത്.
നിരവധി അപൂർവ റെക്കോർഡുകൾ കീഴടക്കിയ ദൃശ്യം എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രം കൂടിയാണ് റാം. റാം ഒരു റിയലിസ്റ്റിക് മാസ്സ് ചിത്രമാണെന്ന് പറയുന്ന ജിത്തു ജോസഫ് ഇത് പുലിമുരുകൻ ലൂസിഫെർ പോലെയുള്ള ഒരു അതിമാനുഷ മാസ്സ് ചിത്രമല്ല എന്നും പറയുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് റാം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിഷ്ണു ശ്യാമാണ്. കൊറോണയെ തുടർന്ന് നിർത്തിവച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണ് ഏവരും.