അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രം ‘ഉണ്ട’യുടെ ഷൂട്ടിങ് വയനാട്ടിൽ പുനരാരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വയനാട്ടിലെ ഷൂട്ടിങ് പൂർത്തിയായാൽ ടീം ഛത്തീസ്ഗഡിലേക്ക് യാത്ര തിരിക്കും.
മമ്മൂട്ടി ഇന്നേവരെ ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളിൽ നിന്നും ഏറെ വേറിട്ട വേഷമായിരിക്കും ഉണ്ടയിലെ സബ് ഇൻസ്പെക്ടർ മണി എന്ന വേഷം. വിനയ് ഫോർട്ട്, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ലുക്ക്മാൻ, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗസ്റ്റ് റോളിൽ ആസിഫ് അലിയും എത്തുന്നുണ്ട്.
ജിഗർത്തണ്ട ഫെയിം ഗവേമികാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം. ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ഷാം കൗശൽ സംഘട്ടനം കൈകാര്യം ചെയ്യുന്നു. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.