ഉണ്ണി മുകുന്ദന് മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാനിലും ആണ് നിര്‍ണായക റോളില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണി എത്തുന്നത്. നിലവില്‍ തെലങ്കാനയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, കല്യാണി പ്രിയദര്ശന് എന്നിവരടങ്ങുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ബ്രോ ഡാഡി നിര്‍മ്മിക്കുന്നത്. ഫണ്‍ ഡ്രാമ സ്വഭാവമുള്ള ബ്രോ ഡാഡിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് എന്‍.ശ്രീജിത്തും ബിബിനും ചേര്‍ന്നാണ്.
ബ്രോ ഡാഡിക്ക് ശേഷം ചിത്രീകരണം തുടങ്ങുന്ന മോഹന്‍ലാല്‍-ഉണ്ണി മുകുന്ദന് ചിത്രമാണ് ട്വല്‍ത് മാന്‍. തെലുങ്ക് ചിത്രം ജനതാ ഗാരേജിന് ശേഷം ഉണ്ണി മുകുന്ദന് മോഹന്‍ലാലിനൊപ്പം പ്രധാന റോളില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ രണ്ട് സിനിമകള്‍ക്ക്. ഉണ്ണി മുകുന്ദന് നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന് ആണ് താരത്തിന്റെ അടുത്ത റിലീസ്.
രവി കെ ചന്ദ്രന് സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് പൃഥ്വിരാജിനൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡ് ത്രില്ലര്‍ അന്ധാദുന്‍ റീമേക്കാണ് ഭ്രമം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്റെ ചിത്രീകരണം ബ്രോ ഡാഡിക്ക് മുന്‍പ് തുടങ്ങാനായിരുന്നു തീരുമാനം. ചിത്രം പൂര്‍ണമായും ഇടുക്കിയിലാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിങിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ബ്രോ ഡാഡി ആദ്യം തുടങ്ങിയത്. നവാഗതനായ കൃഷ്ണകുമാര്‍ രചന നിര്‍വഹിക്കുന്ന ട്വല്‍ത്ത് മാന്റെ നിര്‍മ്മാണവും ആന്റണി പെരുംബാവൂരാണ് നിര്‍വഹിക്കുന്നത്.