പ്രായഭേദമന്യേ മലയാളി സിനിമാപ്രേമികൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലും ഉർവശിയും നായകരായി എത്തിയ മിഥുനം. ശ്രീനിവാസൻ രചിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ കൈയടികളോടെയാണ് അക്കാലത്ത് തിയറ്ററുകളിൽ ഏറ്റെടുത്തത്. അതിൽ വളരെ രസകരമായ ഒരു രംഗമായിരുന്നു ഉർവശിയെ പായിൽ കിടത്തി കടത്തിക്കൊണ്ടു പോകുന്നത്. ഈ രംഗം ചിത്രീകരിച്ചപ്പോൾ അനുഭവിച്ച ടെൻഷനെക്കുറിച്ചും അപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ചും ഉർവശി മനസു തുറക്കുകയാണ്.
പായയിൽ കിടത്തി കടത്തിക്കൊണ്ടു പോയ രംഗം തനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നെന്ന് ഉർവശി പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് ഉർവശി വാചാലയായത്. മോഹൻലാലിന്റെയും ശ്രീനിവാസന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമായിരുന്നു. അതു തന്നെയാണ്
ഈ രംഗം ചിത്രീകരിക്കുന്നതിനിടയിൽ രസകരമായി മാറിയതും.
‘ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ. സേഫ്റ്റിക്കു വേണ്ടി ലാലേട്ടൻ തന്നെ തലയുടെ ഭാഗം പിടിക്കാമെന്നും സമ്മതിച്ചു. ശ്രീനിയേട്ടൻ കാലിന്റെ ഭാഗത്തും പിടിച്ചു. ഏതു കടയിൽ നിന്നാണ് റേഷൻ എന്നൊക്കെ ശ്രീനിയേട്ടൻ ഇടയ്ക്ക് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. വയലിലൂടെയുള്ള സീൻ ഷൂട്ട ചെയ്യുമ്പോൾ വീഴുമെന്നൊക്കെ പേടിച്ചു. ‘എന്നെ താഴെയിടല്ലേ ലാലേട്ടാ’ എന്ന് ഞാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കിൽ താഴെയിടുമെന്നായി ശ്രീനിയേട്ടൻ. ആ സീനിൽ സുലോചനയോട് ‘മിണ്ടാതിരി കൊച്ചേ’ എന്നൊക്കെ പറയുന്നത് ശരിക്കും എന്നോട് പറഞ്ഞതാണ്. സീനിൽ കാണുന്ന പല ഡയലോഗും ശരിക്കും പേടിച്ചിട്ടാണ് പറഞ്ഞത്’ – ഉർവശി പറഞ്ഞു.