റെക്കോർഡ് കളക്ഷനോടു കൂടി നൂറുകോടി ക്ലബിലെത്തിയ ആദ്യമലയാളചിത്രമാണ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ. മോഹൻലാലും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഉദയകൃഷ്ണയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. നവംബർ പത്തിന് എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻതന്നെ പ്രഖ്യാപിക്കും. വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ ‘എലോണി’ന് ശേഷം ഏത് പ്രൊജക്ട് എന്ന അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് – ഉദയകൃഷ്ണ ചിത്രമെത്തുന്നത്. ‘എലോൺ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ബാറോസിന്റെ ജോലികളിലേക്ക് മോഹൻലാൽ കടന്നിരുന്നു. നവംബർ ഒന്നിന് ദുബായിലേക്ക് പോകുന്ന മോഹൻലാൽ പത്തിന് മടങ്ങിയെത്തും. മടങ്ങിയെത്തിയതിനു ശേഷം വൈശാഖ് ചിത്രത്തിൽ ജോയിൻ ചെയ്യും.
നൂറുകോടി ക്ലബിൽ എത്തിയ ആദ്യ മലയാളചിത്രമാണ് പുലിമുരുകൻ. പുലിമുരുകന്റെ രണ്ടാം ഭാഗം തുടങ്ങുന്നതിനെക്കുറിച്ച് ആലോചന ഉണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരു കഥയുമായി ഉദയകൃഷ്ണ മോഹന്‍ലാലിനെ സമീപിക്കുന്നതും അത് പെട്ടെന്നൊരു പ്രൊജക്ടായി മാറിയതും.