വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും പിന്മാറി ആഷിക് അബുവും പൃഥ്വിരാജും. 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു പറഞ്ഞു.
നേരത്തേ സിനിമയുടെ പേരില്‍ പൃഥ്വിരാജിനു നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍. ഇതില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് അലി അക്ബര്‍ ചിത്രം മാത്രമാണ്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്.